അത്രമേൽ പ്രിയപ്പെട്ട ബഷീറിന് ജന്മദിനാശംസകൾ; ടൊവിനോ തോമസിന് പിറന്നാളാശംസകളുമായി ‘നീലവെളിച്ചം’ ടീം

Photo of author

By Admin

ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയുന്ന പുതിയ ചിത്രം ‘നീലവെളിച്ചം’ പോസ്റ്റർ പുറത്തുവിട്ടു. ബഷീർ ആയി അഭിനയിക്കുന്ന ടൊവിനോയുടെ ചിത്രമാണ് അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

‘ഇന്നെന്റെ ജന്മദിനമാണ്. എനിക്ക് മംഗളം ആശംസിച്ചിട്ടു പോകുവിൻ – വൈക്കം മുഹമ്മദ് ബഷീർ. നീലവെളിച്ചത്തിന്റെ നായകന് ജന്മദിനാശംസകൾ’ എന്ന് കുറിച്ച് കൊണ്ടാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ ആഷിഖ് അബു ഫേസ്ബുക്കിൽ പങ്കുവെച്ചത്. വൈക്കം മുഹമ്മദ് ബഷീറിനൊപ്പം തന്നെ ടൊവിനോ തോമസിന്റെയും പിറന്നാളാണ് ഇന്ന്.

പ്രേതബാധയുടെപേരില്‍ കുപ്രസിദ്ധി നേടിയ ഒരു വീട്ടില്‍ താമസിക്കേണ്ടിവരുന്ന ഒരു യുവകഥാകൃത്തിന്‍റെ അനുഭവങ്ങളാണ് ‘നീലവെളിച്ചം’ എന്ന കഥ. കഥാനായകനും ആ വീട്ടിൽ മുൻപ് താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ ആത്മാവിനുമിടയില്‍ ഉണ്ടാവുന്ന ബന്ധമാണ് കഥയുടെ പ്രമേയം. ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ​ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഭാര്‍ഗവീനിലയത്തില്‍ മധു, പ്രേംനസീര്‍, വിജയനിര്‍മ്മല, പി ജെ ആന്റണി എന്നിവര്‍ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളെയാണ് യഥാക്രമം ടൊവിനോ തോമസ്, റോഷന്‍ മാത്യു, റിമ കല്ലിങ്കല്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം കുതിരവട്ടം പപ്പു ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് ഭാര്‍ഗവിനിലയം. ചിത്രത്തിലെ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രത്തെ നീലവെളിച്ചത്തില്‍ രാജേഷ് മാധവനാണ് അവതരിപ്പിക്കുന്നത്.

ഒപിഎം സിനിമാസാണ് ‘നീലവെളിച്ച’ത്തിന്റെ നിർമ്മാണം. മികച്ച ടെക്നിക്കൽ ടീമാണ് ‘നീലവെളിച്ച’ത്തിന് പിന്നിലുള്ളത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീത സംവിധാനം ബിജിബാലും റെക്സ് വിജയനും ചേർന്ന് നിർവഹിക്കുന്നു. വി സാജനാണ് ചിത്രസംയോജനം. സമീറ സനീഷ് വസ്ത്രാലങ്കാരവും, റോണെക്സ് സേവിയർ മേക്കപ്പും കൈകാര്യം ചെയ്യുന്നു. കലാസംവിധാനം ജ്യോതിഷ് ശങ്കർ, സ്റ്റണ്ട് സുപ്രീം സുന്ദർ.

STORY HIGHLIGHTS: Tovino Thomas new movie Neelavelicham poster out

Leave a Comment